അപ്പോളോ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ്;ഇ.ഡി.യിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ
വടകര: അപ്പോളോ ഗ്രൂപ്പിൻറെ ജ്വല്ലറി തട്ടിപ്പിൽ ഇ.ഡി. യിൽ വിശ്വാസമർപ്പിച്ച് വടകര പ്രദേശത്തെ മാന്യ നിക്ഷേപകർ.കേരളത്തിൽ 42 ലധികം കേസുകളുള്ള മൂസാ ഹാജി 18 കമ്പനികളുടെ ഡയറക്ടറാണ്. ആകെ മൂലധനം 260 കോടി. അപ്പോളോ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പിൽ പ്രതിയായ സ്ഥാപന മേധാവി മൂസ ഹാജി ചാരപറമ്പിൽ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത 18 കമ്പനികളുടെ ബോർഡുകളിൽ അംഗമാണെന്നാണ് റിപ്പോർട്ട്.11 കമ്പനികളിൽ മുൻ ഡയറക്‌ടറാണ്. പ്രവർത്തന ക്ഷമമായ കമ്പനികളുടെ ആകെ മൂലധനം ഏകദേശം 260 കോടി രൂപയാണ്. സ്വർണ്ണവ്യാപാരവുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ഇയാൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോളോ ജൂവലറിയുടെ നിക്ഷേപ പദ്ധതിയിലൂടെ കോടികൾ സമാഹരിച്ച് മറ്റ് പ്രോജക്‌ടുകളിൽ നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ചതിനുമാണ് പ്രധാനമായും കേസുകളുള്ളത്. 42 കേസുകൾ ഇയാൾക്കെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇ ഡി അന്വേഷണവും പുരോഗമിക്കുന്നു.ഒക്ടോബരർ 17 ന് അപ്പോളോ ഗ്രൂപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇ ഡി പരിശോധന നടത്തി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 11 കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്, അപ്പോളോ ഗ്രൂപ്പിൻ്റെയും സമാന ഗ്രൂപ്പിൻ്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഡയറക്ടർമാരുടെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ് നടന്നത്. റെയ്ഡിനെ തുടർന്ന് 52.34 ലക്ഷം രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 27.49 ലക്ഷം രൂപ പണമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഇ ഡി യുടെ അന്വേഷണത്തിൽ അപ്പോളോ ഗ്രൂപ്പ് ഇത്തരത്തിൽ 82 കോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ബാലൻഷീറ്റിൽ വൻ തുക പലിശരഹിത വായ്പ്പയായി കാണിച്ചിരുന്നു. ഇത്തരത്തിൽ അപ്പോളോ ജൂവലറിയുടെ നിക്ഷേപ പദ്ധതിയിലൂടെ കണ്ടെത്തിയ തുക മറ്റ് കമ്പനികളിലേക്ക് മാറ്റുകയും തിരുവനന്തപുരത്തും കോഴിക്കോട്ടും ആഡംബര ഹോട്ടൽ പ്രൊജെക്‌ടുകളിൽ ചെലവഴിക്കുകയും ചെയ്‌തു എന്ന് കണ്ടെത്തിയിട്ടുണ്ട്.