പെൺകുട്ടികളുടെ പെരുകുന്ന ആത്മഹത്യകൾ; മഹല്ലുകളിൽ വനിതാ കൂട്ടായ്മ വേണമെന്ന ആവശ്യമുയരുന്നു
നാദാപുരം: കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരം മേഖലയിൽ പെരുകിവരുന്ന വിവാഹിതരായ പെൺകുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് സാധാരണക്കാർ. ഭർതൃ വീട്ടിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ അസ്വസ്ഥരാവുകയും, വിരളി വിഹ്വലരാവുകയും, സമാധാനിപ്പിക്കാൻ ഒരാൾ ഇല്ലാത്തതുമാണ് ഒന്നിനു പിറകെ ഒന്നായി ആത്മഹത്യകൾ വർദ്ധിക്കുന്നത്. വിവാഹിതരായ ഇത്തരം പെൺകുട്ടികളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാൻ ആയി ഓരോ മഹല്ലിന്റെയും നേതൃത്വത്തിൽ വനിതാ കൂട്ടായ്മകൾ രൂപീകരിക്കണം എന്നതാണ് ആവശ്യമുയരുന്നത്. ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുവാനായി അവരെ സംരക്ഷിക്കുക, താൽക്കാലികമായി അതിൽ നിന്ന് മുക്തമാകുവാനായുള്ള താമസം, മനസ്സ് ശാക്തീകരണ ക്ലാസുകൾ, പിന്തുണ എന്നിവ നൽകിക്കൊണ്ട് അവരെ ചേർത്തുപിടിക്കുക. എന്തു പ്രതിസന്ധി ഉണ്ടായാലും അപ്പപ്പോൾ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറുകൾ നൽകുക. താൻ സമൂഹത്തിൽ തനിച്ചല്ല എന്ന ബോധ്യവും,ആത്മവിശ്വാസം എല്ലായിപ്പോഴും കൊടുക്കുക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഓരോരോ മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൊണ്ടുവരികയാണെങ്കിൽ വലിയൊരു മാറ്റം സമൂഹത്തിന് നൽകാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. തൂണേരി പട്ടാണിയിൽ താമസിക്കുന്ന ഫിദാ ഫാത്തിമ(22) എന്ന പെൺകുട്ടി ഇന്ന് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഭർതൃ വീട്ടിൽ നിന്നും പിണങ്ങി സ്വ വസതിയിൽ എത്തിയതായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷം മാത്രമേ ആയുള്ളൂ. വൈക്കിലിശ്ശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യയാണ്. ഭർതൃ വീട്ടുകാരുമായി എന്തായിരുന്നു പ്രശ്നം എന്ന് പോലീസ് അന്വേഷിക്കുകയാണ്.