വളരുന്ന നാദാപുരത്തെ വിദ്യാർത്ഥികൾക്കായി; ലോ കോളേജ് അനിവാര്യം : അഡ്വ: മഹ്സൂമ നാദാപുരം
നാദാപുരം: വളരുന്ന നാദാപുരം നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ലോ കോളേജ് അനിവാര്യമെന്ന് കോഴിക്കോട് ജില്ലാ കോടതിയിലെ ക്രിമിനൽ അഡ്വക്കേറ്റ് ആയ അഡ്വ: മഹ്സൂമ നാദാപുരം പറഞ്ഞു. നാദാപുരത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഉന്നത വിദ്യാഭ്യാസ കേന്ദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏറെ മുറവിളിക്കുശേഷമാണ് നാദാപുരം ഗവൺമെന്റ് കോളേജ് യാഥാർത്ഥ്യമായത്. കേവല വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരാൾക്ക് തൻ്റെ ജീവിതം കരുപ്പിടിപ്പിക്കാൻ സാധ്യമല്ല. പ്ലസ്ടുവിന് ശേഷം പ്രൊഫഷണൽ കോഴ്സുകളിലേക്ക് വിദ്യാർഥികൾ കടന്നു വരികയാണ്. 10 പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്ന വലിയ മണ്ഡലം കൂടിയായ നാദാപുരത്തെ സംബന്ധിച്ചിടത്തോളം ലോ കോളേജ് ഉൾപ്പെടെയുള്ള വിവിധതരം കോളേജുകൾ വരേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാർക്ക് നിയമ അവബോധം, വിദ്യാർത്ഥികൾക്ക് നിയമപഠനം എന്നിവ സ്കൂൾ കാലഘട്ടം മുതൽ തന്നെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. നിയമം എന്താണെന്ന് അറിയാത്തവരും, അതുവഴി നിയമ ലംഘകരും സമൂഹത്തിൽ പെരുകി വരികയാണ്. ജയിലറക്കുഉള്ളിൽ 80 ശതമാനത്തിൽ അധികം പേരും നിയമത്തെക്കുറിച്ചും, വിവിധതരം ശിക്ഷയെക്കുറിച്ചും അവബോധമില്ലാത്തവരാണ്. പൗര ബോധവും, നിയമ കാര്യങ്ങളെക്കുറിച്ച് വിജ്ഞാനമു ള്ളവരും സമൂഹത്തിൽ എന്നെന്നും നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. പേരോട് സ്കൂളിൽ നിന്നും പ്ലസ് ടു ഹ്യൂമാനിറ്റീസ് പഠനശേഷം കോഴിക്കോട് മർക്കസ് ലോ കോളേജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥിനിയാണ് അഡ്വക്കറ്റ് മഹ്സൂമ. കോഴിക്കോട് ജില്ലാ പാരാ ലീഗൽ വളണ്ടിയറായ എ.കെ. സുബൈദയുടെ മകളാണ്. തൂണേരി കോടഞ്ചേരിയാണ് വീട്.