വിദ്യാർത്ഥികളുടെ സൗകര്യത്തിനായി; ഒഞ്ചിയത്ത് മദ്രസ വേണമെന്ന് ആവശ്യമുയരുന്നു
ഒഞ്ചിയം: വിദ്യാർത്ഥികളുടെ സൗകര്യത്തിനായി സ്കൂളിന്റെ അടുത്തുതന്നെ മദ്രസ വേണമെന്ന് ആവശ്യമുയരുന്നു. മാറിയ ഭൗതിക സാഹചര്യത്തിൽ സൗകര്യത്തിനനുസരിച്ച് സ്കൂളുകൾ സ്വീകരിക്കുക എന്നുള്ള നയമാണ് പൊതുവേ രക്ഷിതാക്കൾ സ്വീകരിച്ചു വരുന്നത്. ഇത് കാരണം പല സ്കൂളുകളിലും വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നു. എന്നാൽ ഭൗതിക സാഹചര്യവും മറ്റു പഠനാന്തരീക്ഷ സൗകര്യവും നിലനിൽക്കുന്ന ചില സ്കൂളുകളിൽ സ്ഥിതി വിഭിന്നമാണ്. ഇവിടങ്ങളിൽ മികച്ച രീതിയിൽ അധ്യാപനം തുടർന്നു പോകുന്നു. മികച്ച പഠനാന്തരീക്ഷം നിലനിൽക്കുന്ന സർക്കാർ സ്കൂളുകളിൽ പോലും കുട്ടികളുടെ അപര്യാപ്തത മൂലം ഇത്തരത്തിലുള്ള അവസ്ഥ കടന്നുവരുന്നത് വളരെ ദുഃഖകരമാണ്. എല്ലാത്തരം വിദ്യാർത്ഥികളെയും ആകർഷിക്കുവാനായി വിവിധ സൗകര്യങ്ങൾ സ്കൂളിലോ സ്കൂളിന്റെ പരിസരത്തോ നിലനിൽക്കണമെന്നാണ് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നത്. നിലവിലെ ഒഞ്ചിയം മദ്രസയുടെ അക്കാഡമിക് ബ്ലോക്ക് ഒഞ്ചിയം ഗവ: സ്കൂളിന് സമീപത്തായി സ്ഥാപിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ എണ്ണവും, മറ്റു അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കുമെന്നാണ് പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്നത്. ഇതുവഴി നിലവിൽ അടച്ചുപൂട്ടിയ പല ക്ലാസ് മുറികളും വിദ്യാർത്ഥികൾ നിറയുക വഴി പഴയ പ്രതാപ കാലത്തിലേക്ക് ഒഞ്ചിയം സ്കൂളിനെ തിരിച്ചു കൊണ്ട് വരുവാനും സാധിക്കും.