അധ്യാപക നിയമനം; സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു.
കൊച്ചി: പതിനാറായിരത്തോളം അധ്യാപക തസ്തികകൾ എയ്ഡഡ് മേഖലയിൽ അംഗീകാരമില്ലാതെ കിടക്കുമ്പോൾ നിയമന അംഗീകാരം ലഭിച്ച അധ്യാപകരുടെ ജോലി സ്ഥിരതയില്ലാതാക്കാൻ ഇറക്കിയ പുതിയ ഉത്തരവ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാരിൻ്റെ ആസൂത്രിത ശ്രമമാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഭിന്നശേഷി നിയമന കുരുക്ക് സർക്കാർ മുൻകൈയെടുത്താൽ വളരെ വേഗം പരിഹരിക്കാവുന്നതേയുള്ളു. കോടതി ഉത്തരവിൻ്റെ പേര് പറഞ്ഞ് തുടർച്ചയായ ഉത്തരവുകളിലൂടെ അധ്യാപക നിയമനങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ആവശ്യത്തിന് ഭിന്നശേഷി ഉദ്യോഗാർത്ഥികൾ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. സ്ഥിരം അധ്യാപകരില്ലാതെ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് പൊതുവിദ്യാഭ്യാസത്തിൻ്റെ മികവിനെ ബാധിക്കുന്നു. ആയിരക്കണക്കിന് അധ്യാപകർ നിയമന അംഗീകാരത്തിന് കാത്തുനിൽക്കുമ്പോൾ സർക്കാരിൻ്റെ അനാസ്ഥയും തെറ്റായ ഉത്തരവുകളും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും തെറ്റായ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളിലൂടെയും നിയമപരമായും ഇതിനെ നേരിടാനും എറാണാകുളത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ, കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു സാദത്ത്, സാജു ജോർജ്, പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജി.കെ ഗിരീഷ് , വർഗീസ് ആൻ്റണി, ജോൺ ബോസ്കോ, പി എസ് മനോജ്, പി വിനോദ് കുമാർ, പി എം നാസർ, എം കെ അരുണ എന്നിവർ സംസാരിച്ചു.