Blog

ആത്മീയാനന്ദമായി ഗ്രാൻഡ് മുഫ്തിയുടെ ബുഖാരി ദർസ്

സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർസമർഖന്ദ്(ഉസ്ബസ്‌കിസ്ഥാൻ): സ്വഹീഹുൽ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമർഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിൽ മഹാ പണ്ഡിതരെയും 20 രാജ്യങ്ങളിൽ നിന്നുള്ള അതിഥികളെയും സാക്ഷി നിർത്തി ബുഖാരിയിലെ ഹദീസ് വാചകങ്ങൾ ചൊല്ലിക്കൊടുത്തപ്പോൾ പുലർന്നത് ചരിത്രം. വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ പവിത്രവും ആധികാരികവുമായി കരുതുന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാർഷികാച രണത്തിന്റെ ഭാഗമായി ഇന്നലെ(ഞായർ)യാണ് ലോക പ്രശസ്ത പണ്ഡിതർ ഒരുമിച്ചുകൂടിയ ബുഖാരി ഗ്രാൻഡ് ദർസ് നടന്നത്. ഉസ്ബസ്കിസ്ഥാൻ മതകാര്യ വകുപ്പിന്റെയും മുഫ്തിമാരുടെയും വിവിധ പണ്ഡിത കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പണ്ഡിത സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. പണ്ഡിതനും യമനിലെ ദാറുൽ മുസ്തഫ സ്ഥാപകനുമായ ഹബീബ് ഉമർ ബിൻ ഹഫീളായിരുന്നു ചടങ്ങിൽ വിശിഷ്ടാതിഥി.കഴിഞ്ഞ അറുപത് വർഷത്തിലധികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വഹീഹുൽ ബുഖാരി ദർസ് നടത്തുകയും ആയിരക്കണക്കിന് ശിഷ്യരെ സമ്പാദിക്കുകയും ഹദീസ് പ്രചാരണത്തിനും വ്യാപനത്തിനുമായി പരിശ്രമിക്കുകയും ചെയ്യുന്ന ഗ്രാൻഡ് മുഫ്തിയുടെ സേവനങ്ങൾക്ക് ഇമാം ബുഖാരിയുടെ ജന്മനാട് ഒരുക്കിയ ആദരവ് കൂടിയായിരുന്നു ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിലെ ഈ ദർസ്.ഇമാം ബുഖാരിയുടെ സാമീപ്യം, ഓർമദിനം, ലോകത്തെ തലയെടുപ്പുള്ള പണ്ഡിതരുടെ സാന്നിധ്യം എന്നിങ്ങനെ ആത്മീയവും വൈകാരികവുമായ നിരവധി ഘടകങ്ങൾ സമ്മേളിച്ച വേദിയിൽ നടന്ന ദർസ് ഏവരുടെയും മനം കവർന്നു. ‘തന്റെ അറുപത് വർഷത്തെ അധ്യാപന ചരിത്രത്തിലെ അത്യപൂർവ അനുഭവമാണ് ഇതെന്നും മുമ്പ് ഇവിടെ വന്നിട്ടുണ്ടെങ്കിലും പ്രായമേറിയ സമയത്തും ഈ ചടങ്ങിനെത്തിയത് ഇമാം ബുഖാരിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ജന്മനാട് ഒരുമിച്ചുകൂടിയത് കൊണ്ടാണെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഉസ്‍ബക് ജനതയുടെ ഈ ആദരവും വരവേൽപ്പും സ്വഹീഹുൽ ബുഖാരിക്ക് ചെയ്ത എളിയ സേവനത്തിനുള്ള അംഗീകാരമായാണ് കാണുന്നത്. ഇമാം ബുഖാരി മുന്നോട്ടുവെച്ച മാതൃകകൾ ശീലിക്കാൻ ആധുനിക പണ്ഡിതർ മുന്നോട്ടു വരണം – ഗ്രാൻഡ് മുഫ്തി പറഞ്ഞു. ഇസ്‌ലാമിന്റെ മധ്യമ നിലപാട് ലോകത്ത് പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെയും യമനിലെയും സുന്നി പണ്ഡിതർക്ക് മുസ്‌ലിം ലോകത്ത് ലഭിക്കുന്ന സ്വീകാര്യത വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെയും ഹബീബ് ഉമർ ഹഫീളിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ നാലു ദിവസമായി ഉസ്ബസ്‌കിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ നടന്നുവരുന്നത്. ഉസ്ബസ്കിസ്ഥാൻ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാൻഡ് മുഫ്തി പങ്കെടുത്തു.ബ്രിട്ടൻ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ജി.സി.സി തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറോളം പണ്ഡിതരും അതിഥികളും പങ്കെടുത്ത ദർസിൽ താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹി തിർമിദി അധ്യക്ഷത വഹിച്ചു. സമർഖന്ദ് മുഫ്തി ശൈഖ് സൈനുദ്ദീൻ സംബന്ധിച്ചു.ഫോട്ടോ : ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിൽ നടന്ന സ്വഹീഹുൽ ബുഖാരി ദർസിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു.

Related Articles

Back to top button