ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്തിയില്ല -എൽ ഡി എഫ് പ്രതിഷേധിച്ചു
ആയഞ്ചേരി: മാലിന്യമുക്തം നവകേരളം കേമ്പയിൻ്റെ ഭാഗമായ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവുകൾ നികത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാതെ പദ്ധതി തകിടം മറിക്കാൻ ശ്രമിക്കുന്ന ഭരണസമിതി തീരുമാനത്തിനെതിരെ എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു. ആയഞ്ചേരി പഞ്ചായത്തിലെ 17 വാർഡുകളിലായി 34ഹരിത കർമ്മ സേനാംഗങ്ങളാണ് ആവശ്യമുള്ളത്. ഇതിൽ 8 ഒഴിവുകളുണ്ട്. ഒഴിവുകളിലേക്ക് ആളെ കണ്ടെത്താനുള്ള ചുമതല കുടുബശ്രീ സി ഡി എസ്സിനാണ്. പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടതനുസരിച്ച് സി ഡി എസ്സ് നിയമാനുസരണം 8 പേരെ കണ്ടെത്തി പഞ്ചായത്തിന് സമർപ്പിച്ച ലിസ്റ്റാണ്, പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടപ്പെട്ടവർ ഉൾപ്പെടാത്ത കാരണത്താൽ നിയമിക്കാതെ മാറ്റി വെച്ചത്. ഹരിത കർമ്മ സേനാംഗങ്ങളുടെ വേതനം അവർ ശേഖരിക്കുന്ന യൂസർ ഫീയിൽ നിന്നാണ് നൽകുന്നത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് എം. സി എഫ് കെട്ടിടമില്ലാത്ത കേരളത്തിലെ അപൂർവ്വം പഞ്ചായത്തുകളിൽ ഒന്നാണ് ആയഞ്ചേരി.ബസ്സ് സ്റ്റാൻറുകളിലും, പൊതു ഇടങ്ങളിച്ചും മാലിന്യങ്ങൾ കൂട്ടിയിട്ടതിൻ്റെ ഭാഗമായ് വ്യാപകമായ ജനകിയ പ്രതിഷേധം ഉയർന്ന് വന്നിരുന്നു. മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത് ഭരണ സമിതി കാണിക്കുന്ന അലംഭാവത്തിൻ്റെ പ്രകടമായ ഉദാഹരണമാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ നിയമനം തടഞ്ഞതിലൂടെ ബോധ്യപ്പെടുന്നതെന്ന് എൽ ഡി എഫ് അംഗങ്ങൾ ആരോപിച്ചു.പഞ്ചായത്ത് സ്റ്റാൽറിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ശ്രീലത എൻ പി , സുധസുരേഷ്, പി. രവീന്ദ്രൻ, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവർ വിയോജന കുറിപ്പ് രേഖപ്പെടുത്തി.