ആയിരങ്ങളുടെ സ്വപ്നം; ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനരികെ
ന്യൂഡൽഹി: ഡൽഹിയിൽ നിർമാണം പുരോഗമിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കാര്യാലയം ഖാഇദെ മില്ലത്ത് സെൻ്റർ ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വിശാലമായ കെട്ടിടത്തിന് അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് ത്വരിതഗതിയിൽ പുരോഗമിക്കുന്നത്. ദേശീയ കമ്മിറ്റി ഓഫിസ്, കോൺഫറൻസ് ഹാൾ, പോഷക ഘടകങ്ങളുടെ ഓഫിസുകൾ, എക്സിക്യൂട്ടീവ് മീറ്റിങ് ഹാളുകൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്. അഡ്വ. വി.കെ.ഹാരിസ് ബീരാൻ എം.പിയ്ക്ക് ഒപ്പമാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗൾഫാർ കമ്പനി അധികൃതർ നിർമാണ പുരോഗതി വിശദീകരിച്ചു. കെട്ടിടത്തിന് മുൻവശത്തെ എസി പാനൽ കവറിങ്, ഇൻ്റീരിയർ ഡക്കറേഷനുകൾ എന്നിവ അന്തിമ ഘട്ടത്തിലാണ്. നിർമാണ പ്രവർത്തനങ്ങൾ ഏറെ സംതൃപ്തമായ നിലയിൽ പുരോഗമിക്കുകയാണ്. വളരെ പെട്ടെന്ന് കാര്യാലയം പ്രവർത്തന സജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് പ്രവർത്തകൻ്റെയും ചിരകാല അഭിലാഷത്തിൻ്റെ സാക്ഷാത്കാരത്തിൻ്റെ ദിവസങ്ങൾ അടുത്ത് വരികയാണെന്നും പ്രത്യാശ നിർഭരമാണ് ഈ പ്രവൃത്തികളെന്നും നേതാക്കന്മാർ വിലയിരുത്തി.