ഒരു ഉരുളിയുടെ കഥ; അവസാനിച്ചത് എം.ആർ. സി യുടെ കൈകളിൽ
ഒഞ്ചിയം: ഒഞ്ചിയത്തെ ‘ഉരുളി’യുടെ കഥ എന്നെന്നും നിലനിൽക്കുന്ന അവിസ്മരണ പ്രവർത്തനമായി മാറി. സാമൂഹിക ജീവകാരുണ്യ ക്ഷേമ, സേവന പ്രവർത്തനങ്ങളിലൂടെ നാടിന്റെ ജീവവായുവായി മാറിയ എം.ആർ.സി.യുടെ കൈകളിലേക്കാണ് ഉരുളി യുടെ പര്യവസാനം എത്തിച്ചേർന്നത്. കഥ തുടരുന്നത് ഇങ്ങനെ, ഏതാനും വർഷങ്ങൾക്കു മുമ്പ് വരെ കല്യാണത്തിന് പായസം ഉണ്ടാക്കുന്നതിനായി ഉരുളി അത്യാവശ്യമായിരുന്നു. പലപ്പോഴും, ഉരുളിയുള്ള വീടുകളിൽ നിന്ന് ആവിശ്യത്തിനായി കൊണ്ടുവരികയായിരുന്നു പതിവ്. എന്നാൽ ഒരു കല്യാണത്തിന് ഉരുളി ലഭിച്ചില്ല. ഇതോടെ സ്വന്തമായി പരസ്പര സഹായസഹകരണത്തോടെ ഉരുളി വാങ്ങിക്കാം എന്ന് സാമൂഹിക കൂട്ടായ്മ തീരുമാനിച്ചു. ശേഷം,ഒഞ്ചിയത്തെ പല വിവാഹ സദ്യകളിലും ഈ ഉരുളി മധുരമൂറും വിഭവങ്ങളാൽ സ്ഥാനം പിടിച്ചു. വിവാഹ സൽക്കാര വേദിയിൽ സ്വാധൂറും പായസങ്ങളും, കൊതിയൂറും പ്രഥമനും നുണഞ്ഞതിന് കാരണമായ ഉരുളി എന്നൊന്നും ഓർമ്മിക്കപ്പെടും. കാലത്തിന്റെ വേഗത അതിവേഗം മുന്നോട്ടു കുതിക്കുമ്പോൾ, നാട്ടിൻ പുറങ്ങളിലെ പഴയകാല നന്മകൾ ഓരോന്നോരോന്നായി അറിയാതെ അസ്തമിച്ചു പോവുകയാണ്. പുതിയ കാലത്ത് എല്ലാവിധ സാധനങ്ങളും, വീടിന്റെ പടിവാതുക്കലിൽ ഓർഡർ ചെയ്യേണ്ട താമസം എത്തിച്ചേരുകയാണ്. അതുകൊണ്ടുതന്നെ, കുറച്ചുകാലമായി ഉരുളി വിശ്രമത്തിലാണ്. ഇതോടെ, ഉരുളി വാങ്ങിച്ച സന്നദ്ധ പ്രവർത്തകർ അല്പം വിഷമത്തോടെയാണെങ്കിലും ഉരുളി വിൽക്കാൻ തീരുമാനിച്ചു. ഉരുളി വിറ്റാൽ ലഭിക്കുന്ന പണം ആതുര സേവന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കണമെന്നും അവർ തീരുമാനിച്ചു.ഉരുളി വിറ്റതിനുശേഷം ലഭിച്ച 49,000 രൂപ ഒഞ്ചിയത്തിന്റെ ആതുര ശുശ്രൂഷ സേവന രംഗത്ത് മറ്റാരെക്കാളും എത്രയോ മുൻപന്തിയിലുള്ള എം. ആർ.സി. ചാരിറ്റബിൾ ട്രസ്റ്റിനെ ഏൽപ്പിച്ചു. എം. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.പി. കെ കുഞ്ഞബ്ദുള്ള സന്തോഷത്തോടെ സംഖ്യ ഏറ്റുവാങ്ങി.