കെട്ടുങ്ങൽ മഹല്ലിന്റെ ആദരം;നെയ്തെടുത്ത സ്വപ്നങ്ങൾ പൂവണിയട്ടെ
എടച്ചേരി സെൻട്രൽ: കെട്ടുങ്ങൽ ജുമാ മസ്ജിദ് മുറ്റത്ത് ഇന്ന് വൈകിട്ട് നാലുമണിക്ക് ആരംഭിച്ച ഹാജിമാർക്കുള്ള യാത്രയയപ്പും പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും ശ്രദ്ധേയമായി. എടച്ചേരി കെട്ടുങ്ങൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. സുഹൈൽ യമാനി ഖിറാഅത്ത് നടത്തി. സുലൈമാൻ മുസ്‌ലിയാർ പ്രാർത്ഥനയും നടത്തി. സാജിഹു ഷമീർ അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.ഹാജിമാർ എയർപോർട്ട് മുതൽ മക്കയിലെത്തും വരെയുള്ള വിവിധ കാര്യങ്ങളെക്കുറിച്ചും, തുടർന്ന് ഹജ്ജ് കർമ്മങ്ങളെ കുറിച്ചും വിശദമായി അദ്ദേഹം പ്രതിഭാദിച്ചു. ഹജ്ജ് എന്നത് ഒരു കർമ്മമാണ്. പ്രത്യേകിച്ച് പ്രാർത്ഥനകൾ അല്ല അതിൽ പഠിക്കേണ്ടത്, കർമ്മങ്ങൾ ചെയ്യുവാൻ വേണ്ടി ശരീരത്തെ ഇന്നുമുതൽ തന്നെ ഒരുക്കിയെടുക്കുക, അതാണ് ചെയ്യേണ്ടത്. കെട്ടുങ്ങൽ മഹല്ല് കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി എന്തുകൊണ്ടും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് കമ്മിറ്റി സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു. മക്കയിലേക്ക് യാത്ര തിരിക്കുന്നവർ മഹല്ലിനു വേണ്ടിയും കുടുംബാംഗങ്ങൾ വേണ്ടിയും നാടിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുക. മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയിട്ടില്ലെങ്കിലും അടുത്തവർഷം അത് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. രാത്രികാലങ്ങളിലും,അസമയത്തും റോഡ് സൈഡിലും കടത്തിണ്ണയിലും വെറുതെ ഇരിക്കുന്ന പ്രവണത പുതിയ വിദ്യാർത്ഥികൾ അവസാനിപ്പിക്കണം. കുട്ടികൾ മൊബൈൽ അഡിക്റ്റ് ആവുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഇക്കാര്യം രക്ഷിതാക്കളും ഉറപ്പുവരുത്തണം. തൊട്ടടുത്തുള്ള മഹല്ലുകളിൽ മുഴുവൻ വിഷയങ്ങളിലും വിദ്യാർത്ഥികൾ എ പ്ലസ് നേടുമ്പോൾ നമ്മൾ നേടാത്തത് നമ്മുടെ അലസത കൊണ്ടാണ്. അത് നാം മാറ്റിയെടുക്കണം. ഒ.കെ. കുഞ്ഞബ്ദുള്ള കൂട്ടിച്ചേർത്തു. കെട്ടുങ്ങൽ മഹല്ലിന്റെ കീഴിൽ മൂന്ന് കുടുംബാംഗങ്ങളും ഒരു വനിതയുമാണ് ഹജ്ജിനു വേണ്ടി യാത്ര തിരിക്കുന്നത്. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കണ്ടോത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ആദ്യമായിട്ടാണ് ഇത്ര വിപുലമായ രീതിയിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിലും ഇത്തരത്തിലുള്ള പരിപാടികൾ നമുക്ക് സംഘടിപ്പിക്കണം. കെട്ടുങ്ങൽ പള്ളി ഖത്തീബ് ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള അനുമോദനം വിദ്യാഭ്യാസ രംഗത്തേക്ക് പുതിയ മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. തുടർന്ന് ആശംസയർപ്പിച്ചു സംസാരിച്ച ഷാഫി തറേമ്മലിന്റെ പ്രസംഗം ശ്രദ്ധേയമായി, വാണിമേൽ മാതൃകയിൽ എടച്ചേരിയും വളരേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് സംസാരിച്ചത്. ക്രിയാത്മകമായ വിദ്യാഭ്യാസ മുന്നേറ്റം സ്ഥാപിക്കുകയും അത് നിലനിർത്തി വരും തലമുറയ്ക്ക് വഴികാട്ടിയാവുകയും ചെയ്യേണ്ടതുണ്ട്, അതിനു നാം മുൻകൈയെടുക്കണം.തീർച്ചയായും അതിനുള്ള മികച്ച ഒരു തുടക്കമാണ് ഇന്നിവിടെ കുറിക്കപ്പെട്ടത്. തുടർന്ന് സമസ്ത പൊതുപരീക്ഷയിലും, എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കും ഉള്ള മൊമെന്റോകൾ കൈമാറി. മഹല്ലിലെ ഉന്നത വ്യക്തിത്വങ്ങളാണ് മൊമെന്റോകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. ഇതോടൊപ്പം യമാനി ബിരുദം കരസ്ഥമാക്കിയ മഹല്ലിലെ ആദ്യത്തെ യമാനി ബിരുദധാരി കൂടിയായ സുഹൈൽ യമാനിക്ക് എസ്കെഎസ്എസ്എഫ് എടച്ചേരി സെൻട്രൽ ശാഖ കമ്മിറ്റിയുടെ പേരിലും മഹല്ല് കമ്മിറ്റിയുടെ പേരിലും മൊമെന്റോകൾ കൈമാറി. കൂടാതെ കണ്ടോത്ത് എ.കെ.എച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയവരെ പ്രത്യേകം മൊമെന്റോകൾ നൽകി ഭാരവാഹി കണ്ടോത്ത് മായിൻ ഹാജി ആദരിച്ചു. മുൻ വാർഡ് മെമ്പർ ഓ.കെ മൊയ്തു സാഹിബ്, കടുക്കാങ്കി അഹമ്മദ്, ഓഞ്ഞാലിൽ ലത്തീഫ്, അബ്ദുള്ള, ഉൾപ്പെടെയുള്ളവർ സംസാരിച്ചു. പരിപാടിയിൽ സ്ത്രീകൾ കുട്ടികൾ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ മഹനീയ സാന്നിധ്യവും ശ്രദ്ധേയമായി. പരിപാടി മികച്ച വിജയമാക്കിത്തന്ന ഓരോ വ്യക്തികളോടും പ്രത്യേകം നന്ദിയും കടപ്പാടുമുണ്ടെന്ന് നന്ദി പ്രകാശനത്തിൽ സിറാജ് സൂചിപ്പിച്ചു.