ചരിത്രത്തിൽ ആദ്യം; മദ്രസ പഠനത്തോടൊപ്പം കായിക മത്സരവും
ഒഞ്ചിയം: നിരവധി വിപ്ലവങ്ങൾക്ക് സാക്ഷിയായ ഒഞ്ചിയത്ത് ഈ വരുന്ന ഞായറാഴ്ച പുതിയൊരു ചരിത്രം കൂടി പിറവിയെടുക്കുകയാണ്. മേഖലയിലെ മദ്രസ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് കായിക മത്സരം കൂടി സംഘടിപ്പിക്കുകയാണ്. ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ മാനേജ്മെന്റ് കമ്മിറ്റി പുതുതായി നിലവിൽ വന്നതിനുശേഷം നടപ്പിലാക്കാൻ പോകുന്ന തികച്ചും മാതൃകയാക്കാവുന്ന ഈ തീരുമാനത്തെ മദ്രസയിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ഒരേപോലെ സ്വാഗതം ചെയ്യുകയാണ്. വ്യായാമത്തിന്റെ അഭാവം മൂലം നിരവധി ശാരീരികമായ അസുഖങ്ങൾ വിദ്യാർത്ഥികളിൽ പോലും ഓരോ ദിവസവും കൂടിവരികയാണ്. വ്യായാമത്തിന് വലിയ പ്രാധാന്യമാണ് ഇസ്ലാം മതം കൽപ്പിച്ചിട്ടുള്ളത്.തിരുനബി (സ്വ) പ്രോത്സാഹിപ്പിച്ച വ്യായാമങ്ങളും കായികാഭ്യാസങ്ങളും നിരവധിയാണ്. ഓട്ടമത്സരം, നീന്തൽ, അമ്പെയ്ത്ത്, കുതിരപ്പന്തയം, ആയുധ അഭ്യാസ പരിശീലനം, എന്നിവയാണത്. ഓട്ടമത്സരത്തെ പ്രവാചകൻ വളരെയേറെ ഇഷ്ടപ്പെട്ടു.ആഇശ (റ) പറയുന്നു:ഞാനും പ്രവാചകരും ഒരിക്കൽ ഓട്ടമത്സരം നടത്തി.അന്ന് ഞാൻ പ്രവാചകരെ മറികടന്നു. കുറച്ചു കാലശേഷം എന്‍റെ ശരീരം തടിച്ചു വന്നു.അങ്ങനെയൊരിക്കൽ തിരുനബി (സ്വ) എന്നോട് മത്സരിക്കുകയും എന്നെ മറികടക്കുകയും ചെയ്തു.തുടർന്ന് തിരുദൂതർ (സ്വ) എന്നോട് പറഞ്ഞു ഇത് മുമ്പ് നടന്നതിന് പകരമായി കരുതുക. (സുനനു അബീദാവൂദ്)ഓട്ടം നല്ലൊരു വ്യായാമമാണ് അതിലൂടെ ധാരാളം ഉപകാരങ്ങൾ നമ്മുടെ മനസ്സിനും ശരീരത്തിനും ലഭിക്കുന്നു.1) മാനസികാരോഗ്യം നിലനിർത്തുന്നു2) കാലുകൾക്ക് ബലം നൽകുന്നു3) ഉയർന്നതോതിലുള്ള രക്തസമ്മർദ്ദം തടയുന്നു4) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു5) ശരീരഭാരം നിയന്ത്രിക്കുന്നു6) സ്ട്രസ്സ് ഒഴിവാക്കുന്നു7) അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കുന്നു8) കെണിപ്പുകൾക്ക് ശക്തിയും സ്ഥിരതയും നൽകുന്നു9) ആത്മവിശ്വാസം വർധിപ്പിക്കുന്നു.ഇത്തരത്തിൽ ഓരോ വ്യായാമങ്ങൾക്കും വലിയ പ്രാധാന്യമാണ് ഇസ്ലാം മതം കൽപ്പിച്ചിട്ടുള്ളത്. അത് മദ്രസയിൽ തന്നെ പരിശീലിപ്പിക്കുക എന്നുള്ളത് കാലം ആവശ്യപ്പെടുന്ന ഒരു കാര്യം കൂടിയാണ്. 2025 ജനുവരി അഞ്ചാം തീയതി ഞായറാഴ്ച ഒഞ്ചിയം ജുമാ മസ്ജിദ് മൈതാനത്ത് വെച്ചാണ് “ഒളിമ്പിയ 25 സ്പോർട്സ് മീറ്റ്” സംഘടിപ്പിക്കുന്നത്. കാലത്ത് 7:30 മുതലാണ് പരിപാടി. നാടിനും മദ്രസയ്ക്കും സർവ്വോപരി മദ്രസാ വിദ്യാർത്ഥികൾക്കും പുതുവത്സര സമ്മാനമായി സ്പോർട്സ് മീറ്റ് മാറുമെന്ന കാര്യത്തിൽ സംശയമില്ല. അന്നേദിവസം മുഴുവൻ രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി പങ്കെടുക്കണമെന്ന് എൻ.ഐ.എം. മാനേജ്മെൻറ് കമ്മിറ്റി അറിയിച്ചു.