ജംബോ മീറ്റിംഗ്; വളണ്ടിയർമാർ പ്രവർത്തന ഗോദയിലേക്ക് തിരിക്കണമെന്ന് ആഹ്വാനം
നാദാപുരം: നാദാപുരം മത്സ്യമാർക്കെറ്റിന് സമീപമുള്ള പൂച്ചാക്കൂൽ മജ്ലിസിൽ ഇന്ന് രാത്രി എട്ടുമണിക്ക് നടന്ന ജംബോ മീറ്റിംഗ് ശ്രദ്ധേയമായി. ഗുരുവര്യർ ശംസുൽ ഉലമ കീഴന ഓറുടെ 25ാം ആണ്ട് അനുസ്മരണത്തോടനുബന്ധിച്ചാണ് വളണ്ടിയർ മീറ്റിംഗ് സംഘടിപ്പിച്ചത്. കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ജ്ഞാനം കരസ്ഥമാക്കിയ കീഴന ഓറുടെ നാട്ടുകാരാണ് നമ്മൾ എന്നത് ഏവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. നിങ്ങളുടെ ഭക്ഷണത്തെക്കുറിച്ച് നിങ്ങൾ ആകുലപ്പെടേണ്ട ആവശ്യമില്ല, പ്രപഞ്ചനാഥനോട് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ യഥാർത്ഥ രീതിയിൽ ചെയ്യുന്നുണ്ടോ എന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. നാഥനോട് നിങ്ങൾ നന്ദി ചെയ്താൽ അതിന്റെ പ്രത്യുപകാരം നിങ്ങൾക്ക് ലഭിച്ചിരിക്കും തീർച്ച. കീഴന ഓറുടെ ജീവിതവും അതായിരുന്നു. ഇവിടെ സംഗമിച്ച ഓരോരുത്തരും ഓറുടെ ആളായി മാറിയാൽ നിങ്ങളെ പ്രപഞ്ചനാഥൻ അനുഗ്രഹിച്ചിരിക്കും തീർച്ച. ഉവൈസ് ഫലാഹി അധ്യക്ഷത വഹിച്ചു. കൂടുതൽ പേരോട് വിവരം കൈമാറി പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായുള്ള എല്ലാ പ്രവർത്തനവും ഇന്ന് രാത്രി മുതൽ തന്നെ പ്രവർത്തകരോട് ചെയ്യുവാൻ ഫലാഹി ഉസ്താദ് ആഹ്വാനം ചെയ്തു. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. നാദാപുരം കണ്ട ഏറ്റവും വലിയ നേർച്ചയായിരിക്കും കീഴന ഓറുടെ 25ാം ആണ്ട്. മജീദ് എളയടം, ജാബിർ മലോൽ കണ്ടി ഉൾപ്പെടെയുള്ളവർ അനുസ്മരണ പ്രഭാഷണം നടത്തി. നാദാപുരം, ചേറ്റുവട്ടി, കുമ്മങ്കോട്, അരൂർ, എളയടം, പയന്തോങ്ങ്, ഒമ്പതു കണ്ടം, നരിക്കാട്ടേരി, ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി വളണ്ടിയർമാരും പ്രവർത്തകരും സംഗമിച്ചു. ജനുവരി 17, 18, 19 തീയതികളിലാണ് 25ാം ആണ്ട് അനുസ്മരണ പരിപാടികൾ.