തെരുവ് കയ്യടക്കി നായകൾ;ഫുട്പാത്തുകൾ നായകളുടെ പറുദീസ
വടകര: വടകരയിലെ തെരുവുകൾ തെരുവുനായ കയ്യടക്കിയിട്ട് നാളുകളേറെയായി. എടോടിയിലെ പ്രധാന പാതയായ വടകര പഴയ ബസ്റ്റാൻഡ് റോഡിൽ പോലും ഫുട്പാത്തുകൾ കേന്ദ്രീകരിച്ച് തെരുവു നായകളുടെ വിളയാട്ടമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ വളരെ ഭയത്തോടു കൂടിയാണ് ഫുട്പാത്ത് വഴി സഞ്ചരിക്കുന്നത്. എടോടിയിലെ പാർക്ക് റോഡ്, ബീവറേജേസിന് സമീപം ഇവിടങ്ങളിലൊക്കെ തെരുവ് നായ തെരുവ് കയ്യേറിയിരുക്കുകയാണ്. നായകൾ തമ്മിലുള്ള സംഘട്ടനങ്ങളും പതിവ് കാഴ്ചയാണ്. ഇവർ തമ്മിൽ അതിർത്തികളുണ്ടൊ എന്നത് ചോദ്യചിഹ്നമാണ് . തങ്ങളുടെ അതിർത്തി പ്രദേശത്ത് മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന നായകളെ ഇങ്ങോട്ട് അടുപ്പിക്കാറില്ല. അതിർത്തി പ്രശ്നത്തിന്റെ പേരിലുള്ള വാഗ്വാദവും ചില സമയത്ത് കാണാം. രൂക്ഷമായ രീതിയിലുള്ള അട്ടഹാസങ്ങളും, ശബ്ദ മുഖരിങ്ങളുമായി അന്തരീക്ഷം പ്രകമ്പനം കൊള്ളും. ചൂട് അല്പം കഠിനമായാൽ സ്വൈര്യമായി വിശ്രമിക്കുന്നത് പാർക്ക് ചെയ്ത കാറുകളുടെ കീഴിലാണ്, കൂടാതെ ആളനക്കമില്ലാത്ത കോണിപ്പടികൾ, റോഡുകൾ എന്നിവയും കയ്യേറുന്നു.