ദേശീയപാതയിൽ; ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം
അഴിയൂർ: ഹയർ സെക്കണ്ടറി സ്കൂളിനു മുന്നിൽ സീബ്രാലൈൻ മുറിച്ചു കടക്കവെ അമിത വേഗതയിൽ എത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം വ്യാപകം. അഴിയൂർ മനയിൽ മുക്ക് തയ്യിൽ കോട്ടിക്കൊല്ലാൻ ദർജ ഹൗസിൽ അൻസീർ-റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുള്ള എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കഴിഞ്ഞ ഞായറാഴ്ച അഴിയൂർ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ വച്ച് കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബിൽസാജ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ വിദ്യാർത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്നു. രണ്ടുദിവസത്തിനുശേഷം ഇന്നലെയാണ് സൈൻ അബ്ദുള്ള മരണത്തിന് കീഴടങ്ങിയത്. സ്കൂളിന് സമീപത്തെ സീബ്രലൈൻ പോലും സുരക്ഷിതല്ലാത്ത തരത്തിലെ ലിമിറ്റഡ് ബസ്സുകാരുടെ അമിത ഓട്ടത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് തന്നെ അപകടത്തിൽ പെട്ട ബസ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കുവാനുള്ള ശ്രമം നടന്നതായും ആരോപണമുണ്ട്. സംഭവത്തിൽ അഴിയൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ദീർഘദൂര ബസ്സുകൾ തടഞ്ഞിട്ട് പ്രതിഷേധിച്ചു. ബസുകൾ തടഞ്ഞിടുകയും ഡ്രൈവർമാരെ താക്കീത് ചെയ്തുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധ സമരം ദേശീയപാത കർമ്മസമിതി ജില്ലാ കൺവീനർ എടി മഹേഷ് ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം പുനത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീനത്ത് ബഷീർ, ഹുസൈൻ സഖാഫി, യുസുഫ് മൗലവി, ഗഫൂർ വി പി, ഫഹദ് കല്ലറോത്ത്, സാഹിർ പുനത്തിൽ, ഹനീഫ എ കെ, അലി എരിക്കിൽ, നജീബ് മനയിൽ, രജീഷ് കെ സി, നൗഷർ സാസ്, നൂറുദ്ധീൻ കെ പി, ജയശീലൻ, നൗഷാദ് മനയിൽ, നൗഷാദ് ന്യൂ ഫാഷൻ, നിജാസ് മനയിൽ, സക്കരിയ എന്നിവർ നേതൃത്വം നൽകി.ആർടിഒവിന് പരാതി നൽകിഅഴിയൂരിൽ വിദ്യാർത്ഥി സീബ്ര ലൈനിൽ വെച്ച് ബസ്സിടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാലിം പുനത്തിൽ ആർടിഒ ക്ക് പരാതി നൽകി. സ്കൂളിന് സമീപത്തെ സീബ്ര ലൈനിൽ റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ എത്തിയ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവം അതീവ ഗൗരവതരമാണ്. വിദ്യാർത്ഥി വെൻ്റിലേറ്ററിൽ കഴിയുന്ന സമയത്ത് അപകടം വരുത്തിയ ബസ്സ് ഇറക്കാൻ ശ്രമിച്ചു എന്നത് മനുഷ്യത്വ രഹിതമാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും ബസ്സിൻ്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാത്തത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ സഹായകരമാവുന്ന നടപടിയാണ്. സ്കൂളുകൾക്ക് സമീപത്തെ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്നും ഇരുഭാഗത്തും സ്കൂൾ സോൺ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പുകൾ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വടകര റൂറൽ എസ്പി എന്നിവർക്കും സമർപ്പിച്ചിട്ടുണ്ട്