എടച്ചേരി സെൻട്രൽ: എടച്ചേരി സെൻട്രലിലെ കെട്ടുങ്ങൽ ജുമാ മസ്ജിദ് പള്ളിയും അതിനോടനുബന്ധിച്ചുള്ള ഖബർസ്ഥാനും വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീത മുഹൂർത്തങ്ങളാണ് സമ്മാനിക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളിയും പള്ളിയോട് ചുറ്റും അന്ത്യവിശ്രമം കൊള്ളുന്ന നിരവധി മഹാന്മാരും ഒരു പ്രത്യേകതയാണ്. പള്ളിയുടെ പുനർനിർമാണത്തോടനുബന്ധിച്ച് പല ഖബറുകളും വിസ്മൃതിയിലായി. കാലാന്തരം പ്രാപിച്ചപ്പോൾ ആരുടെ ഖബറാണ് ഇതെന്നുപോലും വ്യക്തമല്ല. പേരെഴുതി വെക്കൽ പതിവ് ഇവിടെ കാണാൻ സാധിക്കില്ല. ഇപ്പോൾ പള്ളിയുടെ കുളം നിർമാണത്തോടനുബന്ധിച്ച് കാടുപിടിച്ച് കിടന്നിരുന്ന വടക്കൻ ഭാഗം അല്പം വെളിച്ചം വന്നിട്ടുണ്ട്. നേരത്തെ നടന്നു പോകാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഈ സ്ഥലമാണ് അല്പം വൃത്തിയായത്. കുളം നിർമ്മാണം പരിശോധിക്കാൻ വേണ്ടി വന്ന പള്ളിയിലെ മുതിർന്ന വിശ്വാസികളാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഇവിടെ പുരാതനമായ ഖബറുകൾ രണ്ടു സ്ഥലത്തായി നിലനിൽക്കുന്നു. മറ്റു ഖബറുകളിൽ നിന്നും വ്യത്യസ്തമായി അക്കാലത്തുള്ള കല്ലുകൾ വെച്ച് തടം കെട്ടിയിരിക്കുന്നു. ഇത് ആരുടേതായിരിക്കാം എന്നൊരു ജിജ്ഞാസ തലമുറ വ്യത്യാസമില്ലാതെ മഹല്ലിലെ വിശ്വാസി സമൂഹത്തിലുണ്ട്. പഴയ തലമുറയിൽപ്പെട്ട ആർക്കെങ്കിലും ഇതിനെക്കുറിച്ച് അറിവുണ്ടാകാം എന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. മാത്രവുമല്ല ഈ ഖബറുകൾ അക്കാലത്തെ മഹാന്മാരായ ഔലിയാക്കളുടേ തായിരിക്കാം എന്ന ധ്വനിയുമുണ്ട്. ഇതിനെ കുറിച്ചുള്ള ഉത്തരങ്ങൾ ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹല്ല് നിവാസികൾ. കഴിഞ്ഞദിവസം ഒരു കൂട്ടം അഭ്യുദകാംക്ഷികൾ ഈ ഖബറിടത്തിൽ ചെന്ന് പ്രത്യേക പ്രാർത്ഥനയും നടത്തുകയുണ്ടായി.