മന്ത്രി ശിവൻകുട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു – വെൽഫെയർ പാർട്ടി
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്നതിനെ മലപ്പുറം വികാരം ഇളക്കിവിടലായി കാണുന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന വംശീയ ഉള്ളടക്കമുള്ളതും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പോലും ജില്ലയിൽ തുടർപഠനത്തിന് അവസരം ഇല്ലാത്ത സാഹചര്യമാണ് നിലനിക്കുന്നത്. എല്ലാ വർഷത്തെയും പോലെ താൽക്കാലിക സീറ്റുകളും ബാച്ചുകളുമായി ഓട്ടയടക്കാൻ ആണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും മത സംഘടനകളുമടക്കം ഈ വിഷയം ഉന്നയിക്കുമ്പോൾ അതിനെ കേവലം മലപ്പുറം വികാരമായി ചുരുക്കിക്കെട്ടുന്ന ശിവൻകുട്ടി യഥാർത്ഥത്തിൽ സംഘപരിവാർ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങൾ എപ്പോൾ ഉന്നയിക്കപ്പെടുമ്പോളും അതിനെ വംശീയ അജണ്ടകൾകൊണ്ട് പ്രതിരോധിക്കുന്ന സിപിഎമ്മിന്റെ സ്ഥിരം നിലപാടിന്റെ തുടർച്ചതന്നെയാണ് ഈ പ്രസ്താവനയും. ഇതുകൊണ്ടൊന്നും മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാമെന്ന് ശിവൻകുട്ടിയും സിപിഎമ്മും വ്യാമോഹിക്കണ്ട. അവകാശങ്ങൾ നേടുംവരെ പാർട്ടി പ്രക്ഷോഭങ്ങളുമായി തെരുവിലുണ്ടാകുമെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നൽകി.ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.