സൈത്തൂൻ സെക്കണ്ടറി മദ്റസ;തറക്കല്ലിടൽ കർമ്മം ജനസാഗരമായി
എടച്ചേരി: എടച്ചേരി കെട്ടുങ്ങൽ മഹല്ലിനു കീഴിൽ പുതുതായി നിർമ്മിക്കുന്ന സൈത്തൂൻ സെക്കണ്ടറി മദ്രസ ( المدرسه الزيتون الثانويه) യുടെ തറക്കല്ലിടൽ കർമ്മം മഹല്ലിലെ വിശ്വാസി ജനതയുടെ ഒത്തുകൂടലിന്റെ സാഗരമായി മാറി. ഇന്നലെ രാത്രി മുതൽ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ യുവാക്കൾ, വിദ്യാർത്ഥികൾ, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകർ എന്നിവരുടെ ഭാഗത്തു നിന്നുമുണ്ടായി. വലിയ ആവേശമാണ് പുതുതായി മഹല്ലിൽ നിർമ്മിക്കാൻ പോകുന്ന മദ്രസക്ക് വേണ്ടി നാടിലുടനീളം ഇന്നലെ രാത്രി മുതൽ ദർശിക്കാൻ സാധിച്ചത്. പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ തറക്കല്ലിടൽ കർമ്മം പൂവണിയാനുള്ള പ്രഭാതത്തെ കാത്തിരിക്കുകയായിരുന്നു അവർ ഓരോ നിമിഷവും. ഇന്ന് കാലത്തു പത്തുമണിക്ക് മുമ്പായി തന്നെ അമ്മായി മുക്ക് പരിസരം ജന നിബിഡമായി. പത്തുമണിക്ക് മുമ്പായി തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ബഹു: സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ദഫ്, അറബന മുട്ടോടെ ദഫ് വാദ്യ സംഘം വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന്, ഏവരും കാത്തിരുന്ന തറക്കല്ലിടൽ കർമ്മം പ്രപഞ്ചനാഥന്റെ ഉൾവിളികളോടെ ബിസ്മി ചൊല്ലി പില്ലറിനായി സ്ഥാപിച്ച വലിയ കുഴിയിൽ ഇടുകയുണ്ടായി. ജിഫ്രി തങ്ങളുടെ കൈ സ്പർശമേറ്റ് പുളകിതമായ ആ കല്ലിനെ ഓഞ്ഞാലിൽ ഹനീഫ് കുഴിയിലേക്കിറങ്ങി ഉറപ്പിക്കുകയുണ്ടായി. ഇത് തൻ്റെ ജീവിതത്തിലെ അനർഘ നിമിഷമാണെന്ന് ഹനീഫ് പിന്നീട് പറഞ്ഞു. ശേഷം നടന്ന പൊതു സമ്മേളനം മഹല്ല് ഖാളി ഉസ്താദ് മുഹമ്മദ് ശരീഫ് ഫൈസിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. തുടർന്ന് അൽ ഹാഫിള് സുഹൈൽ യമാനിയുടെ മനോഹരമായ ഖിറാഅത്ത് സദസ്സരുടെ ഹൃദയത്തിലേക്കുള്ള വെളിച്ചമായി മാറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മായിൻ ഹാജി കണ്ടോത്ത് സ്വാഗതം പറഞ്ഞു. മദ്രസ വിദ്യാഭ്യാസം കരസ്ഥമാക്കുക എന്നത് നാടിന്റെ ധാർമ്മിക പരമായുള്ള മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലം അർജുൻ എന്ന ചെറുപ്പക്കാരനെ നാടിന് നഷ്ടപ്പെടുകയുണ്ടായി. അതിനുശേഷം ലോറി ഉടമ മനാഫ് 72 ദിവസം നടത്തിയ സഹന പോരാട്ടത്തിനൊടുവിൽ അർജുന്റെ മൃതദേഹം ലഭിക്കുകയുണ്ടായി. തൻ്റെ പിതാവ് രണ്ടുമൂന്ന് മദ്രസയുടെ സ്ഥാപകനാണ്. അതിലൊരു മദ്രസയിലാണ് താൻ പഠിച്ചത്. സഹ ജീവികളോട് കരുണ കാണിക്കുക എന്നത് മദ്രസയിൽ നിന്നാണ് താൻ പഠിച്ചത്. നവാസ് പറഞ്ഞ കാര്യം പ്രതിപാദിച്ചു. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ ഷാറൂഖ്ഖാൻ എത്തിയപ്പോൾ നിരവധി വിദ്യാർത്ഥിനികൾ കാത്തിരിക്കുകയാണ്. വരാന്തയിൽ ഹിജാബ് ധരിച്ച ഒരു വിദ്യാർത്ഥിനിയെ ഹൃദയത്തിൽ കൈവെച്ചുകൊണ്ട് ഷാറൂഖ് ഖാൻ അഭിസംബോധന ചെയ്യുകയുണ്ടായി. ധാർമിക രീതിയിലുള്ള വസ്ത്രധാരണ രീതിയെ ഏതൊരാളും ബഹുമാനിക്കും എന്നതിന്റെ മകുട ഉദാഹരണമാണ് ഇത്. മായിൻ ഹാജി ചൂണ്ടിക്കാട്ടി. മദ്രസ കമ്മിറ്റി പ്രസിഡണ്ട് ഓഞ്ഞാലിൽ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ശേഷം ഏവരും കാത്തിരുന്ന സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഉദ്ഘാടന പ്രസംഗം സാകൂതം സദസ്സർ ശ്രവിക്കുകയുണ്ടായി. കാലത്തിനനുസരിച്ചുള്ള കാലോചിതമായ മാറ്റങ്ങൾ മദ്രസ സംവിധാനത്തിന് ഉണ്ടാകും. പഴയകാലത്ത് തറയിലിരുന്നും, പടിയിലിരുന്നും വിദ്യ അഭ്യസിച്ചവരാണ് താനുൾപ്പെടെയുള്ളവർ. ഇന്ന് കാലോചിതമായ മാറ്റങ്ങൾ മദ്രസയിലും ഉണ്ടാകണം. പാഠപുസ്തകങ്ങളിലെ സിലബസുകളിൽ ചില മാറ്റം വരുത്തുന്നത് കാലോചിതമായി വിദ്യാഭ്യാസ സംവിധാനത്തെ പരിഷ്കരിക്കുവാൻ വേണ്ടിയാണ് അല്ലാതെ ആശയം മാറ്റുന്നതല്ല. സർക്കാരിൽ നിന്നും ഒരു പൈസയും മദ്രസ മാനേജ്മെൻറ് നടത്തിപ്പിനായി സ്വീകരിക്കുന്നില്ല. അങ്ങനെ സർക്കാരിൽ നിന്നും പണം സ്വീകരിച്ചാൽ പിന്നെ അവർ പറയുന്ന പോലെ സംവിധാനങ്ങൾ ചലിപ്പിക്കേണ്ടിവരും. സ്ത്രീ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം സമസ്ത നൽകുന്നു. അത് ധാർമികതയിലൂന്നിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തിയാകണമെന്നും മാത്രം. സ്ത്രീകൾക്ക് അനന്തരവകാശ സ്വത്തിൽ കുറവ് വന്നു എന്നത് മിഥ്യാ സന്ദേശമാണ്. അധ്വാനിച്ചുകൊണ്ട് കുടുംബത്തെ നയിക്കാനുള്ള ഉത്തരവാദിത്വം പുരുഷനാണ്. സ്ത്രീകളുടെ സംരക്ഷണം ആദ്യം മാതാപിതാക്കന്മാരും, പിന്നീട് ഭർത്താക്കന്മാരും ശേഷം മക്കളും ഏറ്റെടുക്കുന്നു. അതുകൊണ്ടുതന്നെ ഒര് പോക്കറ്റ് മണി എന്ന രീതിയിലാണ് സ്ത്രീകളുടെ അനന്തരാവകാശം. മദ്രസക്ക് വേണ്ടി 12 ലക്ഷം സംഭാവന ചെയ്ത കെട്ടുങ്ങൽ മഹല്ല് പ്രസിഡണ്ട് കണ്ടോത്ത് അഹമ്മദ് ഹാജിയുടെ ചെക്ക് ജിഫ്രി മുത്തുകോയ തങ്ങൾ പ്രകാശനം ചെയ്തു. മദ്രസ പ്രസിഡണ്ട് ഓഞ്ഞാലിൽ അഹമ്മദ് ഹാജിയുടെ മാതാവ് സംഭാവന നൽകിയ 20 പവനോളം സ്വർണ്ണത്തിൻറെ തത്തുല്യ സംഖ്യയും പ്രകാശനം ചെയ്തു. ശേഷം മനസ്സറിഞ്ഞുകൊണ്ട് മദ്രസക്ക് വേണ്ടി സംഭാവന നൽകിയവരെ പ്രാർത്ഥന നടത്തി അനുഗ്രഹിച്ചിട്ടാണ് തങ്ങൾ വേദിയിൽ നിന്നും വിടവാങ്ങിയത്. ശേഷം ജസീൽ കാമിലി ഫൈസി (വൈസ് ചെയർമാൻ ഇസ്തിഖാമ) മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ഉമ്മത്തിന്റെ നേതൃത്വം നഷ്ടമായതിനു ശേഷം അനിവാര്യതയുടെ സൃഷ്ടിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിറവിയെടുക്കുക യാണുണ്ടായത്. 1945ലെ പെരിന്തൽമണ്ണ സമസ്ത സമ്മേളനത്തിലാണ് മദ്രസാ സംവിധാനം വേണമെന്ന ആശയം ഉണ്ടായത്. അതുകൊണ്ടുതന്നെ കേരളത്തിൽ വൈജ്ഞാനിക പ്രഭ അസ്തമിക്കാതെ ഇന്നും തുടർന്നു പോകുന്നു. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഇങ്ങനെയല്ല സ്ഥിതി. തന്റെ കർണാടക സന്ദർശനം ഉദാഹരണസഹിതമായി പറഞ്ഞു. ഓട്ടോമൻ ഖിലാഫത്ത് തകർക്കുവാൻ വേണ്ടി പല ചാരന്മാരെയും ബ്രിട്ടീഷുകാർ നിയോഗിക്കുകയുണ്ടായി. ഹംഫർ, പി.ഇ. ലോറൻസ്, ഇവർക്ക് പുറമേ വഹാബിസം, അറബ് ദേശീയത എല്ലാ അടവുകളും പ്രയോഗിച്ചാണ് ആഗോളതലത്തിൽ അവർ സ്വാധീനം നേടിയത്. മലബാറിൽ പോർച്ചുഗീസുകാരുടെ വിളയാട്ടം നടക്കുന്ന കാലത്ത് സഹായത്തിനായി തുർക്കി പട്ടാളത്തെ അയച്ചുതരാൻ ഖലീഫയോട് ആവശ്യപ്പെട്ട പൊന്നാനി മഖ്ദൂം (റ) ചരിത്രം അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അവർക്കുവേണ്ടി സ്ഥാപിച്ച മിസിരി പള്ളിയും ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. വലിയ വെല്ലുവിളികൾ നേരിടുന്ന മുസ്ലിം സമുദായത്തിന് മദ്രസ ഒരു സൂര്യപ്രഭയായി മാറട്ടെ എന്ന് അവർ പ്രത്യാശിച്ചു. തുടർന്ന് സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ സംസാരിച്ചു. ഓർക്കാട്ടേരി റേഞ്ചിൽ മറ്റൊരു മദ്രസ കൂടി പിറവിയെടുക്കുകയാണ്. വലിയ സന്തോഷവും ആഹ്ലാദവുമാണ് ഈ നിമിഷം സമ്മാനിക്കുന്നത്. വൃദ്ധ സദനങ്ങൾ ഏറ്റവും കുറഞ്ഞ ജില്ലയാണ് മലപ്പുറം എന്ന് ടി.കെ അമ്മദ് മാസ്റ്റർ എടച്ചേരി പറഞ്ഞു. മദ്രസാ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളോട് മക്കൾ കാണിക്കേണ്ട മര്യാദയുടെ കൂടി ഫലമാണിത്. കേരളത്തിലേക്കാളേറെ മദ്രസകൾ ഉണ്ട് ഉത്തർപ്രദേശിൽ. ഏകദേശം 17000 ത്തിൽ അധികം മദ്രസകൾ ആണുള്ളത്. ഈ മദ്രസകളൊക്കെ അടച്ചുപൂട്ടണം എന്ന് പറയുന്നത് തീർത്തും അബദ്ധമാണ്. സുപ്രീംകോടതിയിലുള്ള പ്രതീക്ഷയിലാണ് ഏവരും. ഏതു പാവപ്പെട്ടവനും പണക്കാരനായി മാറിയ പുതിയ കാലത്ത് നിർമ്മാണ ഫണ്ടിലേക്ക് ലഭിച്ച തുകയുടെ ബാക്കി കണ്ടെത്തുവാൻ എല്ലാവരും ശ്രമിക്കണമെന്ന് തുടർന്ന് സംസാരിച്ച കടുക്കാങ്കിയിൽ അമ്മദ്( മഹല്ല് ട്രഷറർ) പറഞ്ഞു. നേരത്തെ മഹല്ലിന് കീഴിൽ ഉണ്ടായിരുന്ന മുനവ്വിറുൽ ഇസ്ലാം മദ്രസയ്ക്ക് വേണ്ടി പിടിയരിയും തേങ്ങയും ഒക്കെ സംഭാവന ചെയ്ത കാലഘട്ടം ഉണ്ടായിരുന്നു എടച്ചേരിയിൽ. എന്നാൽ ഇന്ന് ആ സംവിധാനങ്ങളൊക്കെ മാറി. 1995ൽ നജ്മൽ ഹുദാ മദ്രസ തലായിക്ക് ശേഷം നീണ്ട 25 വർഷങ്ങൾക്ക് ശേഷം നാട്ടിൽ മറ്റൊരു മദ്രസ വരികയാണ്. ഇപ്പോൾ ഓരോ മഹല്ലിന് കീഴിലും ഓരോ മദ്രസയുണ്ട് എന്നത് അഭിമാനകരമാണ്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മത നിരാസത, ധാർമിക മൂല്യങ്ങളുടെ ശോഷണം വഴി വരുന്ന എക്സ് മുസ്ലിങ്ങൾ എന്നിവരെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു. പരിപാടിക്ക് കെ. ജാബിർ നന്ദി പ്രകാശിപ്പിച്ചു. കോൺട്രാക്ടർ ശ്രീജനാണ് നിർമ്മാണ ചുമതല. നാളെ തന്നെ നിർമ്മാണത്തിനുള്ള പ്രവർത്തി ആരംഭിച്ച് ഫെബ്രുവരിയോടെ മദ്രസയുടെ ഏകദേശ ചിത്രം തെളിയും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മഹല്ലിലെ നാനാ വിശ്വാസികളും അമ്മായി മുക്കിന് സമീപത്തെ ഓഞ്ഞാലിൽ സൈത്തൂൻ മദ്രസാ മൈതാനിയിലേക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വരികയുണ്ടായി.