പ്ലസ് ടു സീറ്റ്;നാദാപുരത്ത് ഇത്തവണ കടുപ്പമാകുമോ?
നാദാപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം കേരള ചരിത്രത്തിൽ തന്നെ വലിയ വിജയമാണ് സമ്മാനിച്ചത്. 99% ത്തോളം പേരാണ് ഇത്തവണ എസ്എസ്എൽസി പാസായത്. നാദാപുരം മേഖലയിലെ ഒട്ടുമിക്ക സ്കൂളുകളും ഇത്തവണ നൂറുമേനി വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിൽ തന്നെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വർദ്ധിച്ചു. കൂടുതൽ ബാച്ചുകൾ വർദ്ധിപ്പിക്കുക എന്നുള്ളതാണ് കാലങ്ങളായി ആവശ്യപ്പെടുന്നത്. പക്ഷേ മാറി മാറി വരുന്ന സർക്കാരുകൾ ബാച്ചുകൾക്ക് പകരം സീറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ദീർഘവീക്ഷണം ഇല്ലായ്മയുടെ അഭാവമാണ് പത്താം ക്ലാസിനു ശേഷം വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ കാണിക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 7000 ത്തിലധികം സീറ്റുകളുടെ കുറവുണ്ട് എന്നാണ് കണക്ക് പറയുന്നത്. കഴിഞ്ഞദിവസം എസ്കെഎസ്എസ്എഫ് നേതൃത്വത്തിൽ മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. മലബാറിന്റെ സീറ്റ് നിഷേധത്തിനെതിരെ താക്കീത് കൂടിയായിരുന്നു അത്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥി സംഘടനകൾ ഈ ആവശ്യവുമായി മുന്നോട്ടു പോകും. മുഖ്യധാര മീഡിയകളുടെ ചില ചർച്ചയിൽ അവകാശപ്പെടുന്നത് കേരളത്തിന്റെ ‘വിദർഭ’ യായി മലബാർ മാറി എന്നതാണ്. പതിറ്റാണ്ടുകളായി മലബാറിലെ വിദ്യാഭ്യാസ സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്ന ഈ കാര്യത്തിന് ഈ വർഷമെങ്കിലും പരിഹാരമാകുമോ എന്നതാണ് രക്ഷിതാക്കൾ ഉൾപ്പെടെ ഉറ്റു നോക്കുന്നത്.