Blog

അതിഥി തൊഴിലാളി യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ആസാം സ്വദേശിനെയും നിലവിൽ മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസവുമായ 19 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ഡിജിൽ കെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് പി ആർ എന്നിവർ സ്ഥലത്തെത്തി യുവതിയെ ആംബുലൻസിലേക്ക് മാറ്റി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. രാത്രി 11.10ന് രാഗേഷിൻ്റെ പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും രാഗേഷ് പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ഡിജിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.ഫോട്ടോ: ആംബുലൻസ് പൈലറ്റ് ഡിജിൽ കെ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് പി ആർ എന്നിവർ.

Related Articles

Back to top button