ജില്ലയിൽ ഓവറോൾ രണ്ടാമത്; മേമുണ്ടയ്ക്ക് അഭിമാനനേട്ടം
വടകര: ജില്ലാ സ്കൂൾ കലോത്സവത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും അഭിമാനനേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്കൂൾ കരസ്ഥമാക്കി. 322 പോയിന്റാണ് നേടിയത്. ഒന്നാം സ്ഥാനത്തുള്ള സിൽവർ ഹിൽസ് സ്കൂളിനേക്കാൾ നാല് പോയിന്റു മാത്രം കുറവ്. കലോത്സവം അവസാനിക്കുതിന് തൊട്ടുമുമ്പുവരെ മേമുണ്ടയായിരുന്നു ഒന്നാമത്. അവസാനനിമിഷമാണ് സിൽവർ ഹിൽസ് ഒന്നാമതെത്തിയത്. എങ്കിലും മേമുണ്ടയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ കലോത്സവമായി കോഴിക്കോട്ടേത്. ഹൈസ്കൂൾ വിഭാഗത്തിൽ 152 പോയിന്റ് നേടി ഒന്നാമതെത്താൻ മേമുണ്ടയ്ക്ക് കഴിഞ്ഞു. ഹയർ സെക്കൻഡറിയിൽ 139 പോയിന്റുമായി രണ്ടാമതെത്തി. യു.പിയിൽ 31 പോയിന്റുണ്ട്. 12 ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പൂരക്കളി, മലയാളപ്രസംഗം, ലളിതഗാനം, അഷ്ടപദി, ഗാനാലാപനം,. സംസ്കൃതം സംഘഗാനം ഹയർ സെക്കൻഡറിയിൽ പൂരക്കളി, മിമിക്രി, ഓട്ടൻതുള്ളൽ, മലയാളം കഥാരചന, ഹിന്ദി പദ്യം ചൊല്ലൽ, ഇരുളനൃത്തം എന്നിവയിലാണ് ഒന്നാമതെത്തിയത്. എട്ട് ഇനങ്ങൾക്ക് രണ്ടാം സ്ഥാനം എ ഗ്രേഡും ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ച മലയാളം നാടകം “ശ്വാസം” ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാടകത്തിൽ അഭിനയിച്ച ഫിദൽഗൗതം ജില്ലയിലെ മികച്ച നടനായും തിരഞ്ഞെടുത്തു. ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് ഓവറോൾ രണ്ടാം സ്ഥാനം വാങ്ങിയെടുത്ത മേമുണ്ടയിലെ മുഴുവൻ പ്രതിഭകളെയും പിടിഎ യും , മാനേജ്മെൻ്റും ചേർന്ന് അഭിനന്ദിച്ചു.