Blog

റിപ്പബ്ലിക് ദിനം;എസ്ഡിപിഐ അഴിയൂരിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കും

വടകര : ‘ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് ‘ എന്ന മുദ്രാവാക്യമു യർത്തി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് അഴിയൂരിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ഭരണഘടനാ മൂല്യങ്ങൾ നേടിയെടുക്കാൻ ഭരണകൂടത്തോട് സമരം ചെയ്യേണ്ട സമകാലിക സാഹചര്യമാണ് രാജ്യത്തുള്ളത്. ഭരണകൂടം തന്നെ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ ഭരണഘടനയിലെ സോഷ്യലിസവും മതേതരത്വവും എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത് രാജ്യത്തെ ഇവർ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് വ്യക്തമാണ്. ശ്രേണി ബദ്ധമായ ജാതി വ്യവസ്ഥയും സനാതന വർണാധിപത്യവും അടിമകളാക്കിയ ജനതയ്ക്ക് മാനുഷിക പരിഗണന നൽകിയത് ഭരണഘടനയാണ്. വിഭവാധികാരങ്ങളിലും അവസരങ്ങളിലും സാമൂഹിക നീതി ഉറപ്പാക്കണം എന്നതാണ് ഭരണഘടനയുടെ അന്തസത്ത. വർണ്ണ വംശീയ ചിന്തകൾ നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കും അത് എത്രമാത്രം അലോസരം സൃഷ്ടിക്കുമെന്നത് ഊഹിക്കാവുന്നതിലപ്പുറമാണ്. ഭരണഘടന ഉറപ്പു നൽകുന്ന തുല്ല്യ നീതിയും തുല്ല്യാ വകാശവും പൗര ഭൂരിപക്ഷത്തിന് നിഷേധിക്കപ്പെടുന്നു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാൻ ഭരണകൂടം പദ്ധതിയിട്ടി രിക്കുന്നു. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും തുല്യനീതിയും അട്ടിമറിക്കപ്പെടുന്ന അപകടകരമായ സാഹചര്യത്തിൽ ഭരണഘടനയെ നെഞ്ചോട് ചേർത്തു പിടിച്ച് ഭരണഘടന ഉറപ്പാക്കുന്ന രാഷ്ട്ര നിർമ്മിതിക്കായി പൗരസമൂഹം രംഗത്തുവരണമെന്നും ജനുവരി 26 ന് അഴിയൂരിൽ വെച്ച് നടക്കുന്ന അംബേദ്കർ സ്ക്വയറിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും വാർത്താ സമ്മേളനത്തിൽ വടകര നിയോജക മണ്ഡലം നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ഷംസീർ ചോമ്പാല, റൗഫ് ചോറോട്, മഷ്ഹൂദ് വടകര.

Related Articles

Back to top button